കണിച്ചാർ (കണ്ണൂർ): ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ മുൻകൂട്ടി കണ്ടെത്തി തിരഞ്ഞെടുപ്പ് രംഗത്ത് അവതരിപ്പിച്ച് എതിരാളികളെ ഞെട്ടിച്ചു. കണിച്ചാർ പഞ്ചായത്ത് ആറാം വാർഡ് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ ആണ് വാർഡ് കമ്മിറ്റി എകകണ്ഠേന കണ്ടെത്തി ഡിസിസിക്ക് ശുപാർശ ചെയ്തത്. ആറാം വാർഡിൽ യുവ വനിതാ നേതാവ് സി.കെ.സിന്ധു ചിറ്റേരിയാണ് കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി.നിലവിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ആണ് സിന്ധു. മണ്ഡലം പ്രസിഡൻ്റ് ചാക്കോ തൈക്കുന്നേലിൻ്റ നേതൃത്വത്തിൽ നേതാക്കൾ സിന്ധുവിനെ സ്ഥാനാർത്ഥിയായി ശുപാർശ ചെയ്ത വിവരം അറിയിക്കുകയായിരുന്നു . നാല് പതിറ്റാണ്ടിലധികം കോൺഗ്രസിൻ്റെ ഉറച്ച ഭരണം നിലനിന്ന കണിച്ചാറിൽ പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ കാരണമാണ് കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ടത്. ഇടതുപക്ഷത്തിന് 7 ളം കോൺഗ്രസിന് 6 ഉം അംഗങ്ങളാണ് ഇപ്പോൾ ഉള്ളത്. ഇടതുപക്ഷത്തെ ഒരംഗം രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ സിപിഎമ്മിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെടും. അതിനാൽ തന്നെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത് മുതൽ മുൾമുനയിലാണ് സിപിഎം. തീർത്തും പരാജയപ്പെട്ട ഒരു ഭരണമാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്നത് എന്ന ആക്ഷേപം വ്യാപകമായി ഉയർന്ന സാഹചര്യത്തിൽ വിജയിക്കാൻ സർവ്വതന്ത്രവും പയറ്റുകയാണ് സിപിഎം. 2022 ലെ പ്രകൃതി ദുരന്തത്തിൽ വൻ നാശം സംഭവിച്ച പൂളക്കുറ്റിയിലും നെടുംപുറംചാലിലും 35 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാന സർക്കാർ തന്നെ പ്രഖ്യാപിച്ചിട്ടും ദുരന്തബാധിതർക്ക് 1 കോടി രൂപയുടെ ആനുകൂല്യം പോലും ലഭ്യമാക്കാൻ സിപിഎമ്മിൻ്റെ ഭരണ സമിതിക്ക് സാധിച്ചിട്ടില്ല എന്ന ആരോപണവും ശക്തമാണ്. കൊല്ലം രണ്ട് കഴിഞ്ഞിട്ടും ഏറെ കൊട്ടിഘോഷിച്ച ലിവിങ്ങ് ലാബ് എന്ന സ്വയം പ്രതിരോധ പദ്ധതി വരും വരും എന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും നേടിയെടുക്കാൻ ഭരണ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ദുരന്തബാധിതർക്ക് വീട് വയ്ക്കാൻ ആവശ്യമായത്ര പണം നേടികൊടുക്കാൻ സാധിച്ചില്ല. എന്നാൽ വേസ്റ്റ് തള്ളുന്ന സ്ഥലങ്ങളിൽ
ബോർഡ് വയ്ക്കാൻ എന്ന പേരിൽ പ്രത്യേകിച്ച് ഒനത്തിന് ഒരു ഉപകാരവുമില്ലാത്ത പദ്ധതിക്കായി
24.5 ലക്ഷം രൂപയാണ് വാരിയെറിഞ്ഞത്. മാത്രമല്ല ദുരന്തത്തിൻ്റെ ഭീകരത നേരിടുന്ന കാലത്ത് 15 ലക്ഷത്തിൽ അധികം തുക മുടക്കി കാർ വാങ്ങാനും പഞ്ചായത്ത് മടിച്ചില്ല. പഞ്ചായത്തിനെ വേഗത്തിൽ അതിജീവന പാതയിലെത്തിക്കാൻ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് സണ്ണി ജോസഫ് എംഎൽഎയും വിവിധ ജനപ്രതിനിധികളും എല്ലാ രാഷ്ടീയകക്ഷികളും ആവശ്യപ്പെട്ടപ്പോഴും ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു അംഗത്തെ കൂട്ടുപിടിച്ച് സർവകക്ഷി താല്പര്യങ്ങളെ അട്ടിമറിച്ചതായും ആക്ഷേപമുയർന്നിരുന്നു. പ്രകൃതിദുരന്തത്തിൽ നഷ്ടം നേരിട്ട കണിച്ചാറിന് കാര്യമായി ഒന്നും കിട്ടാത്ത അവസ്ഥയാണ് വന്ന് ചേർന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ വലിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും വിശദീകരണങ്ങളുമായി വീണ്ടും രംഗത്ത് വരാനാണ് ഭരണ നേതൃത്വം നീക്കം തുടങ്ങിയിട്ടുള്ളത്. സിപിഎമ്മിനിത് കടുത്ത വെല്ലുവിളിയാണ് എന്നതിനാൽ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതു മുതൽ കണിച്ചാറിൽ വിവാദങ്ങൾ വർധിക്കുകയാണ്.
Congress in Kanichar has decided a strong candidate in the 6th ward by-election.